വെള്ളമില്ലാതെ വിളവ് കുറഞ്ഞു, ഉള്ള നെല്ല് കൊയ്തെടുക്കാനും വൈകുന്നു:കർഷകർ ദുരിതത്തിൽ

ആവശ്യമായ വെള്ളം എത്താത്തതിനെ തുടർന്ന് കോവിലകം പടവിൽ കൃഷി തീരാ നഷ്ടത്തിൽ. കൃഷി നഷ്ടത്തിൽ ആയതോടെ 1670 ഏക്കർ വരുന്ന അന്തിക്കാട് കോൾപ്പടവിൽപ്പെട്ട 550 ഏക്കറിലെ ചാഴൂർ കോവിലകം പടവിലെ കർഷകരാണ് ദുരിതമനുഭവിക്കുന്നത്. ആവശ്യത്തിന് വെള്ളമില്ലാത്ത തുകൊണ്ട്‌ 50 ഏക്കറിലധികം സ്ഥലത്തെ കൃഷിയാണ് കരിഞ്ഞുണങ്ങിയത്.ഏക്കറിന് ഏകദേശം 2500 കിലോ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 1500 കിലോ മാത്രമാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം നിറഞ്ഞതോടെ കൊയ്ത്തും അനിശ്ചിതാവസ്ഥയിൽ ആയി. പാടശേഖര സമിതിയുടെ അനാസ്ഥയാണ് കൃത്യമായി യന്ത്രമിറക്കാതെ 300 ഏക്കറിൽ 125 ദിവസം മൂപ്പെത്തിയ നെല്ല് താഴെ വീണ് നശിച്ചുപോയതിന് കാരണമായി കർഷകർ പറയുന്നത്.

യഥാസമയം വെള്ളം നൽകാതെയും കൊയ്ത്തു നടത്താതെയും തങ്ങളെ ഉപദ്രവിക്കുകയാണെന്ന് കർഷകർ ആരോപിക്കുന്നു. കർഷകർ നേരിടുന്ന അവഗണനയെ തുടർന്ന് കോവിലകം പടവ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതുമൂലം അന്തിക്കാട് പാടശേഖര സമിതിയിലെ ഒരു വിഭാഗം തങ്ങൾക്കെതിരെ വൈരാഗ്യം വെച്ചുപുലർത്തുകയാണെന്ന് കർഷകനായ എം ആർ രാജൻ ആരോപിച്ചു. തങ്ങളുടെ ഈ ദുരിതത്തിൽ കൃഷിമന്ത്രി ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കോവിലകം പടവിലെ കൃഷിക്കാർ ആവശ്യപ്പെട്ടു.