
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയതിനാൽ യാത്രക്കാർ നേരത്തേ എത്തണമെന്ന് നിർദേശം. ഭീകരാക്രമണ സാധ്യത മുൻനിർത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ മുന്നറിയിപ്പുപ്രകാരം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നതിൻ്റെ ഭാഗമായാണിത്.
യാത്രക്കാരെയും അവരുടെ ബാഗേജുകളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. വിമാനത്താവളത്തിൽ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപുള്ള ലാഡർ പോയിൻ്റ് പരിശോധനയും ഏർപ്പെടുത്തി.കൂടുതൽ സുരക്ഷാപരിശോധന വേണ്ടിവരുന്നതിനാലാണ് യാത്രക്കാർ നേരത്തേ എത്തണമെന്ന് സിയാൽ അറിയിച്ചിരിക്കുന്നത്. ഇത്തരം പരിശോധനകൾ 20 വരെ ഉണ്ടാകും.