
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമേഖല സന്ദർശിക്കും. വയനാട് കളക്ടറേറ്റിൽ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 11.05-ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12.15 മുതൽ ദുരന്ത പ്രദേശങ്ങൾ സന്ദർശിക്കും. ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും.
തുടർന്ന് വയനാട് കളക്ടറേറ്റിൽ എത്തുന്ന അദ്ദേഹം അവലോകനയോഗത്തിൽ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലയിൽ കർശന നിയന്ത്രണങ്ങളുള്ളതിനാൽ ദുരന്തബാധിത പ്രദേശങ്ങളിൽ ശനിയാഴ്ച തിരച്ചിലുണ്ടാവില്ലെന്ന് വയനാട് കളക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു.