മാള ഗ്രാമപഞ്ചായത്തിൽ സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തിച്ചു തുടങ്ങി

ലോക്ക് ഡൗൺ കാലത്ത് ജീവിതശൈലീ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഡോക്ടറുടെ സേവനവും മരുന്നും ലഭ്യമാക്കുന്നതിനായി മാള ഗ്രാമപ്പഞ്ചായത്തിൽ സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തനം ആരംഭിച്ചു. സാമൂഹികാരോഗ്യകേന്ദ്രത്തിൽ ജീവിതശൈലീരോഗമുള്ളതായി പേര് രജിസ്റ്റർ ചെയ്തവരെ വീടുകളിലെത്തി പരിശോധിക്കുകയും സൗജന്യമായി മരുന്ന് നൽകുകയുമാണ് ചെയ്യുക. ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ഭൂരിപക്ഷം ആളുകൾക്കും ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ലെന്ന കാര്യം മനസ്സിലായതിനെ തുടർന്നാണ് സഞ്ചരിക്കുന്ന ആശുപത്രി ആരംഭിച്ചതെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു ഉറുമീസ് പറഞ്ഞു.ഹോളിഗ്രേയ്‌സ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.ഓരോ രോഗികൾക്കും 10 ദിവസത്തേക്കുള്ള മരുന്ന് വീതമാണ് ഇതുവഴി വിതരണം ചെയ്യുക.