ദേശീയപാതകൾ കേന്ദ്രീകരിച്ചു വൻ കവർച്ച നടത്തുന്ന സംഘം അറസ്റ്റിൽ..

ചാലക്കുടി. മുംബൈയിൽ നിന്ന് 73 ലക്ഷം രൂപ കവർന്ന കേസിലാണ് കണ്ണൻകുഴി സ്വദേശി മുല്ലശേരി കനകാംബരൻ (38), വെറ്റിലപ്പാറ വഞ്ചിക്കടവ് ക്ഷേത്രത്തിനു സമീപം ചിത്രക്കുന്നേൽ സതീശൻ (48), നോർത്ത് കൊന്നക്കുഴി സ്വദേശിയും വർഷങ്ങളായി പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരിയിൽ താമസിക്കുന്നയാളുമായ ഏരുവീട്ടിൽ ജിനു (ജിനീഷ്–41), വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു പിറകിൽ താമസിക്കുന്ന പുത്തനമ്പൂക്കൻ വീട്ടിൽ അജോ (42), പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനിവീട്ടിൽ ഫൈസൽ (34) എന്നിവർ അറസ്റ്റിലായത്.

മുംബൈ പൽഘാർ സിബിസിഐഡി പൊലീസ് നൽകിയ സുചന പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ജൂലൈ 10നു പുലർച്ചെ ഗുജറാത്ത് രാജ്കോട്ട് സ്വദേശിയും വ്യവസായിയുമായ റഫീക് ഭായി സെയ്താണ് മുംബൈയ്ക്കു വരുന്നതിനിടെ കൊള്ളയടിക്കപ്പെട്ടത്. പാൽഘർ ജില്ലയിലെ മാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 3 കാറിലായെത്തിയ സംഘം മുംബൈ – അഹമ്മദാബാദ് ദേശീയപാതയിൽ ഇവരുടെ വാഹനം തടഞ്ഞു പണം കവരുകയായിരുന്നു.

ചില്ലു തകർത്തശേഷം യാത്രികരെ മർദിച്ചു പുറത്തിറക്കി കാർ തട്ടിക്കൊണ്ടുപോയി അതിലുണ്ടായിരുന്ന 73 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ശേഷം വിക്രംഘട്ടിൽ ഉപേക്ഷിച്ചു. വ്യവസായിയും ഡ്രൈവറും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന അന്വേഷണ സംഘം വാഹന നമ്പറുകൾ കണ്ടെത്തിയെങ്കിലും അവ വ്യാജമായിരുന്നു. തുടർന്ന് ഹൈവേ കൊള്ള നടത്തുന്ന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണു തൃശൂർ ജില്ലയിലെ സംഘങ്ങളിലേക്കു ശ്രദ്ധ തിരിഞ്ഞത്.

ഇതോടെ, പാൽഘർ ജില്ലാ പൊലീസ് സൂപ്രണ്ട് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.നവനീത് ശർമയുമായി ബന്ധപ്പെട്ടു. പാൽഘറിൽ നിന്നുള്ള അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങൾ ചാലക്കുടി പൊലീസിനെ കാണിച്ചതോടെ പ്രതികളെ തിരിച്ചറിഞ്ഞു.പ്രതികളെ ചോദ്യം ചെയ്തപ്പോൾ നേരത്തെ ഇവർ സമാനരീതിയിൽ 7 കോടി രൂപ കൂടി കവർന്നിട്ടുണ്ടെന്ന വിവരം ലഭിച്ചു. കേരളത്തിലെ നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ മുംബൈ പൊലീസ് അവിടേക്കു കൊണ്ടുപോയി.