സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടി. കാലടി കണ്ടനകം കൊട്ടരപ്പാട്ട് സജീഷിനെയാണ് (43) എസ്.എച്ച്.ഒ സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആനത്താവളത്തിനടുത്ത് ആൽക്കൽ ക്ഷേത്രത്തിലെ ഭണ്ഡാര മോഷണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ആലിക്കൽ ക്ഷേത്രത്തിന് പുറമെ വടക്കേകാട് സ്റ്റേഷൻ പരിധിയിലെ വൈലത്തൂരിൽ നടന്ന ഭണ്ഡാരമോഷണവും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തേഞ്ഞിപ്പലം സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിച്ചായിരുന്നു മോഷണം.

കുന്നംകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലായി 38 കളവ് കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷണങ്ങൾക്ക് ശേഷം മൈസൂർ, ഊട്ടി എന്നിവിടങ്ങളിലേക്ക് പോയ പ്രതി തിരിച്ച് സുൽത്താൻ ബത്തേരിയിലെ ലോഡ്ജിൽ എത്തിയ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസെത്തി പിടികൂടിയത്.