തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ അടിയന്തര ചികിത്സക്ക് പോവേണ്ടിയിരുന്ന പെൺകുട്ടിക്ക് തുണയായത് ചാലക്കുടി അഗ്നിശമനസേന. ചികിത്സക്കായി തിരുവനന്തപുരം വരെ എത്താൻ മാർഗമില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് കൊരട്ടി തീരുമുടിക്കുന്ന് സ്വദേശിനിയായ പെൺകുട്ടിക്ക് അഗ്നിശമന സേന സഹായ ഹസ്തവുമായി രംഗത്തെത്തിയത്.. സേനയുടെ സേവനങ്ങളെ സംബന്ധിച്ച പത്രവാർത്ത ശ്രദ്ധയിൽപ്പെട്ട പെൺകുട്ടിയുടെ കുടുംബം ചാലക്കുടി സ്റ്റേഷൻ ഓഫീസർ സി ഒ ജോയിയെ ഫോണിൽ വിളിച്ച് സഹായംഅഭ്യർഥിച്ചു.
തൽഫലമായി സ്റ്റേഷൻ ഓഫീസർ മുൻകൈയെടുത്ത് ഫയർഫോഴ്‌സിന്റെ ആംബുലൻസ് ഉപയോഗിക്കാൻ പ്രത്യേക അനുവാദം വാങ്ങുകയും, തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ആർസിസിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങി പോരാൻ കഴിയാതിരുന്ന കുന്നംകുളം പഴഞ്ഞി സ്വദേശി പണയംകാട്ട് പ്രബീഷിനും ഭാര്യക്കും ചാലക്കുടിയിൽനിന്നെത്തിയ വാഹനത്തിൽ മടങ്ങിപോരാൻ സൗകര്യവുമൊരുക്കി.ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ടി ഡി ദീപു, വി ആർ രജീഷ് എന്നിവരാണ് ദൗത്യത്തിന് സാരത്ഥ്യം വഹിച്ചത്.