സ്കൂളിൽ പച്ചപ്പ് പടർത്തി കോവിഡ് ക്യാമ്പ് അംഗങ്ങൾ

ഗേൾസ് സ്കൂളിലെ കോവിഡ് പ്രതിരോധ ക്യാമ്പിൽ പച്ചപ്പ് പടർത്തുകയാണ് ക്യാമ്പ് അന്തേവാസികൾ. ദുരിത കാലത്ത് തലചായ്ക്കാൻ ഇടം നൽകിയ സ്കൂളിലെ
വിദ്യാർഥികൾക്ക് സമ്മാനമായി ഇവർ ഒരുക്കുന്നത് പച്ചക്കറിത്തോട്ടവും പൂന്തോട്ടവുമെല്ലാമാണ്.
കോവിഡ് വ്യാപനമുണ്ടായപ്പോൾ ഇരിങ്ങാലക്കുടയിലെ തെരുവുകളിൽ കഴിഞ്ഞിരുന്നവരെ ചെട്ടിപ്പറമ്പ് ഗേൾസ് ഹൈസ്‌കൂൾ ക്യാമ്പിലേക്കാണ് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ മാറ്റിയത്. ഇവിടെ ഇവർക്കു വേണ്ട ഭക്ഷണവും, വസ്ത്രവും, അടച്ചുറപ്പുള്ള റൂമുകളുമെല്ലാം ലഭിച്ചു.ഇതിനെല്ലാം പ്രത്യുപകാരമായാണ് സ്കൂളിൽ ക്യാമ്പ് അംഗങ്ങൾ പച്ചപ്പ് പടർത്തുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ അനിലിന്റെ നേതൃത്വത്തിൽ നൽകിയ പച്ചക്കറി വിത്തുകൾ ഉപയോഗിച്ചാണ് സ്കൂളിലെ ലോക്ക് ഡൗൺ കൃഷി.