ശക്തൻ മാർക്കറ്റിൽ പുലർച്ചെ മിന്നൽ പരിശോധന..

ശക്തൻ മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തി മന്ത്രി എ സി മൊയ്തീനും കളക്ടർ എസ് ഷാനവാസും. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് മന്ത്രി എ സി മൊയ്തീനും കലക്ടർ എസ് ഷാനവാസും മാർക്കറ്റിൽ പരിശോധന എത്തിയത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിൽ എത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ശേഷം ചെട്ടിയങ്ങാടിയിലെ പഴം മാർക്കറ്റിലും എത്തി പരിശോധന നടത്തി. രാവിലെ അഞ്ച് മണിക്ക് മാർക്കറ്റിൽ എത്തിയ മന്ത്രി ഏഴുമണിക്കാണ് മടങ്ങിയത്. കലക്ടറുടെ നേതൃത്വത്തിൽ വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചു. ശക്തൻ മാർക്കറ്റിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ കടകൾ തുറക്കാൻ പാടുള്ളൂവെന്നും ജീവനക്കാർക്ക് മാസ്ക്കുകൾ മറ്റു സുരക്ഷാ മാനദണ്ഡങ്ങളും നിർബന്ധമാക്കണമെന്നും മത്സ്യ മാർക്കറ്റിലെ മൊത്തവ്യാപാര വിൽപ്പന ബുധനാഴ്ച മുതൽ രാവിലെ 3 മണി മുതൽ ആറുമണിവരെ ആക്കാനും യോഗം തീരുമാനിച്ചു.