സാംക്രമിക വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ വിരുസിഡ് യു വി സ്റ്റെറിലൈസറുമായി ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ. കോവിഡ് 19 ഭീഷണിയുടെ സാഹചര്യത്തിൽ അണുനശീകരണം ലക്ഷ്യമാക്കി കൊണ്ടാണ് ഏതാനും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഇത് വികസിപ്പിച്ചെടുത്തത്. ഡോക്ടർമാർ നഴ്സുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്കെല്ലാം രോഗഭീഷണിയുള്ള ഈ സാഹചര്യത്തിൽ ആശുപത്രിമുറികളെയും രോഗിയുമായി ഇടപഴകിയവരെയുമെല്ലാം അണുവിമുക്തമാക്കാൻ സ്റ്റെറിലൈസർ ഉപയോഗിക്കാമെന്ന് സംരംഭകർ പറഞ്ഞു. നൈസ് മേനാച്ചേരി, ജിനേഷ് ജോസഫ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളാണ് ഇത് നിർമ്മിച്ചത്. അൾട്രാ വയലറ്റ് ജർമിസിഡൽ ഇറാഡിയേഷൻ കിരണങ്ങൾ ഉപയോഗിച്ചാണ് അണൂനശീകരണം സാധ്യമാക്കുന്നത്. മൊബൈൽ ഉപയോഗിച്ച് യന്ത്രം പ്രവർത്തിപ്പിക്കാനുള്ള ആപ്ലിക്കേഷനും ഇവർ രൂപം നൽകി.പ്രവർത്തന ക്ഷമത വിലയിരുത്തുന്ന വൈറോളജി ലാബിലെ പരിശോധന ഫലത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് യുവ എഞ്ചിനീയർമാർ.