സംസ്ഥാനത്ത് ഇന്ന് കൂടി അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

സംസ്ഥാനത്ത് ഇന്ന് കൂടി അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ മധ്യ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മലയോരമേഖലയിലും രാത്രികാല യാത്രാ വിലക്ക് തുടരുകയാണ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തെക്കൻ തമിഴ്‌നാട് തീരത്തും വടക്കൻ കേരളത്തിന് സമീപവും നിലനില്‌കുന്ന ചക്രവാത ചുഴികളാണ് മഴയ്ക്ക് കാരണം. ബുധനാഴ്ച്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനും പിന്നീടത് ചുഴലിക്കാറ്റായി മാറാനും സാധ്യത ഉണ്ട്.