വേനൽ മഴയിൽ വ്യാപക കൃഷിനാശം

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാള മേഖലയിൽ വ്യാപകകൃഷിനാശം. നാലായിരത്തിലധികം വാഴകൾ കാറ്റിൽ നിലംപതിച്ചു. ലോക്ക് ഡൗൺ മൂലം കൃഷി നഷ്ടത്തിലായ കർഷകർക്ക് കൂടുതൽ ദുരിതം സമ്മാനിക്കുകയാണ് മഴ. മേഖലയിൽ വൈദ്യുതി ലൈനുകളും വ്യാപകമായി പൊട്ടിയിട്ടുണ്ട്. മാള, അന്നമനട, കുഴൂർ, പുത്തൻചിറ സെക്ഷനുകളിലായി 23 വൈദ്യുതിക്കാലുകൾ തകർന്നു. മരങ്ങൾ വീണ് നിരവധി വൈദ്യുതക്കമ്പികൾ പൊട്ടിവീണു. പ്രദേശത്തെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടുന്ന സ്ഥിതിയുമുണ്ടായി. സംസ്ഥാനത്തെ പല ജില്ലകളിലും ഇന്നലെ വ്യാപകമായി മഴ ലഭിക്കുന്ന സ്ഥിതിയുമുണ്ടായി.