ചാലക്കുടിയിൽ വർണ്ണ വസന്തം തീർത്ത് കലാകാരന്മാർ

ചാലക്കുടി റെയിൽവേ അടിപ്പാതയുടെ ചുമരുകളെ വർണ്ണ ശബളമാക്കി ചിത്രകാരന്മാർ. സതേൺ കോളേജിന് സമീപമുള്ള അടിപ്പാതയുടെ ചുമരുകളിൽ കോവിഡ് പ്രതിരോധത്തിന് മുൻനിര പോരാളികളായി നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്കും, പോലീസുകാർക്കും ആദരവ് അർപ്പിച്ചു കൊണ്ടാണ് ചിത്രങ്ങൾ ഒരുക്കിയത്. ബാബു ചിത്ര, സുനിൽ പൂതേക്കാടൻ എന്നിവരാണ് ഇൗ മനോഹര ചിത്രങ്ങൾ ഒരുക്കിയത്. കേരള സർക്കാരിന് കലയുടെ കൂപ്പു കൈ എന്നാണ് ചിത്രത്തെക്കുറിച്ച് ചിത്രകാരന്മാർ പറയുന്നത്. ലോക്ക് ഡൗൺ കാലത്ത് നാടിനു നയന മനോഹരമായ ചിത്രങ്ങൾ സമ്മാനിക്കുന്ന തിരക്കിലാണ് ഇൗ കലാകാരന്മാർ.ഇൗ കാലം കടന്നുപോകുമ്പോൾ ഓർമിക്കാനായി കുറെയധികം നല്ല ഓർമകൾ ഉണ്ടാക്കുക കൂടിയാണ് ഇൗ സന്മനസ്സുകൾ.