കടലിൽ വഞ്ചി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

അഴീക്കോട് ജെട്ടിയിൽ വഞ്ചി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. മൂന്നു മണിക്കൂറോളം നേരമാണ് മത്സ്യതൊഴിലാളികൾ കടലിൽ മരണത്തോട് മല്ലിട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. കടലിൽ മീൻ പിടുത്തത്തിന് പോയ ബിസ്മില്ല എന്ന വഞ്ചി ആണ് മറിഞ്ഞത്.

അഴീക്കോട് മുനയ്ക്കൽ സ്വദേശികളായ കൊല്ലംപറമ്പിൽ നസീർ, പന പറമ്പിൽ അയ്യൂബ്, വലിയവീട്ടിൽ ഗഫൂർ എന്നിവരെയാണ് രക്ഷാപ്രവർത്തനം നടത്തി ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് . ഇവർക്ക് താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.കടലോര രക്ഷാപ്രവർത്തന ജാഗ്രതാ സമിതി അംഗം കൂടിയായ നസീറിന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. മൂന്നു മണിക്കൂറോളം കടലിൽ കുടങ്ങിയ ഇവരെ ചെറുവഞ്ചിക്കാരാണ് രക്ഷപ്പെടുത്തിയത്.