19നാണു പൂരം. 17ന് രാത്രി 7ന് സാംപിൾ വെടിക്കെട്ട്. അന്ന് രാവിലെ തിരുവമ്പാടി–പാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദർശനവും തുടങ്ങും. തിരുവമ്പാടി ക്ഷേത്രത്തിൽ ഇന്നു രാവിലെ 11നും 11.30നും ഇടയ്ക്കാണു കൊടിയേറ്റ്. പൂജകൾക്കു തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട്, മേൽശാന്തിമാരായ പൊഴിച്ചൂർ ദിനേശൻ നമ്പൂതിരി, വടക്കേടത്ത് കപ്ലിങ്ങാട് പ്രദീപ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
പൂജിച്ച കൊടിക്കൂറ ദേശക്കാരാണു ഉയർത്തുക. വൈകിട്ടു 3നു ക്ഷേത്രത്തിൽ നിന്നു പൂരം പുറപ്പാടു നടക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. 3.30ന് ഭഗവതി നായ്ക്കനാലിൽ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും ആലിനു മുകളിൽ പൂരപ്പതാകകൾ ഉയർത്തും. പാറമേക്കാവ് ക്ഷേത്രത്തിൽ ഇന്നു രാവിലെ 11.20നും 12.15നും ഇടയിലാണു കൊടിയേറ്റ്. പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷി നിർത്തി ദേശക്കാർ കൊടി ഉയർത്തും.
ക്ഷേത്രത്തിൽ നിന്നു നൽകുന്ന സിംഹ മുദ്രയുള്ള കൊടിക്കൂറ കെട്ടിയാണു കൊടി ഉയർത്തുക. കൊടിയേറ്റത്തിനു ശേഷം ക്ഷേത്രത്തിലെ പാല മരത്തിലും മണികണ്ഠനാലിലും കൊടിയുയർത്തും. പാറമേക്കാവ് കാശിനാഥൻ തിടമ്പേറ്റും. തുടർന്നു 5 ഗജവീരന്മാരുടെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്ര കൊക്കർണിയിലേക്കു ആറാട്ടിനായി എഴുന്നള്ളും.