ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് സ്കൂളിന് സമീപം താമസിക്കുന്ന എലുവത്തിങ്കൽ ജാൻസി തന്റെ അറുപതാം പിറന്നാൾ ആഘോഷം എന്നും ഹൃദയത്തോട് ചേർത്തു വെക്കും. ഇത്തവണ പോലീസുകാർക്ക് ഒപ്പമാണ് ജാൻസി പിറന്നാൾ ആഘോഷിച്ചത്.ഇതിന് പിന്നിൽ ഒരു കൊച്ചു കുരുന്നിന്റെ സ്നേഹത്തിന്റെ അതിമധുരമുള്ള കഥയുമുണ്ട്.ജാൻസിയുടെ പിറന്നാളിന് പങ്കെടുക്കാൻ മകൾ സ്മര്യയും ഭർത്താവും മൂന്ന് മക്കളും കൂടി ഖത്തറിൽനിന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.ഇതോടെ യാത്രയും മുടങ്ങി.
ഇൗ സമയത്താണ് ജാൻസിയുടെ കൊച്ചുമകളായ 11 വയസ്സുകാരി ലെന കയ്പ മംഗലം പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നതും തന്റെ അമ്മൂമ്മക്ക് പിറന്നാൾ സമ്മാനമായി ഒരു കേക്ക് വാങ്ങി നൽകാമോ എന്ന് ആവശ്യപ്പെട്ടതും.വിവരമറിഞ്ഞ എസ്.ഐ. സുബിന്ത് ഉടനെ കേക്ക് ഓർഡർ ചെയ്തു. ഞായറാഴ്ച രാവിലെതന്നെ പോലീസ് ജീപ്പിൽ എസ്.ഐ.മാരായ കെ.എസ്.സുബിന്ത്, അബ്ദുൽസലാം, എ.എസ്.ഐ. സജിപാൽ, സി.പി.ഒ. ലാൽജി എന്നിവർ കേക്കുമായി ജാൻസിയുടെ വീട്ടിൽ എത്തി.അങ്ങനെ ആഘോഷമായി തന്നെ ജാൻസിയുടെ അറുപതാം പിറന്നാൾ ആഘോഷിച്ചു.
ഇൗ സ്നേഹത്തിന് കയ്പമംഗലം പോലീസിനോട് നന്ദി പറയുകയാണ് സ്മര്യയും കുടുംബവും.