കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശം. ത്യശൂര്‍ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍.

പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണ് സത്യഭാമ.