തൃശൂർ റേഞ്ച് പൊലീസ് ഒരുക്കിയ ‘നൂപുരം’ എന്ന
ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അപ്‌ലോഡ് ചെയ്ത് എട്ട് മണിക്കൂറിൽ എട്ടു ലക്ഷം പ്രേക്ഷകരാണ് ചിത്രം കണ്ടത്. ഡിഐജി എസ് സുരേന്ദ്രൻ കഥയും തിരക്കഥയും നിർവ്വഹിച്ച ചിത്രം ടോണി ചിറ്റേട്ടുകളം ആണ് സംവിധാനം ചെയ്തത്. കോവിഡ് കാലത്തെ ഒരു വനിതാ പൊലീസിന്റെ ഒരു ദിവസമാണ് ‘നൂപുര’ത്തിന്റെ കഥ. എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും വീട്ടിലാക്കി കൊറോണ പ്രതിരോധത്തിനിറങ്ങുന്ന ഒരു വനിതാ പൊലീസിന്റെ ആത്മസംഘർഷങ്ങളും കർമനിപുണതയും വീഡിയോ പറഞ്ഞുവയ്ക്കുന്നു.
എട്ടുമിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഹ്രസ്വ ചിത്രത്തിലൂടെ നടി മഞ്ജു വാര്യർ പോലീസിനെ അഭിനന്ദിക്കുന്നുമുണ്ട്.
സംഗീത സംവിധായകൻ മോഹൻ സിതാരയും മകൻ വിഷ്ണു മോഹൻ സിതാരയും ചേർന്നൊരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.താരാട്ടു പാട്ടിന്റെ ഈണത്തിൽ പശ്ചാത്തലഗാനം ആലപിച്ചിരിക്കുന്നതും വിഷ്ണു മോഹൻ സിതാരയാണ്. ‘നൂപുരം’ ക്രിയേഷൻസിന്റെ ബാനറിൽ ഒരുക്കിയ ഹ്രസ്വചിത്രത്തിൽ എസ്ഐ വി വി ജോസ്, പൊലീസ് ഉദ്യോഗസ്ഥൻ ജൈയ്ജു, സുജ രഞ്ജിത്ത്, ബേബി അധിത്രി രഞ്ജിത്ത് തുടങ്ങിയവരാണ് വേഷമിട്ടത്.