പോലീസ് ചമഞ്ഞ് വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു..

പോലീസ് ചമഞ്ഞ് വാഹനം തടഞ്ഞ് വിദേശത്തേയ്ക്ക് പോകുന്നയാളുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തു. ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി ഒരുവിന്‍ പുറത്ത് നൗഫല്‍ (39) ആണ് അറസ്റ്റിലായത്.

2023 ഡിസംബര്‍ 27ന് നെടുമ്പാശേരി എയര്‍ പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ചാലിശ്ശേരി മുക്കിലപീടിക സ്വദേശി ഖാദര്‍ സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ നൗഫല്‍ പാഴിയോട്ട് മുറിയില്‍ വെച്ച് തടഞ്ഞ് നിര്‍ത്തുകയും ഖാദര്‍ കേസില്‍ പ്രതിയാണെന്നും പോലീസ് സ്റ്റേഷനിലേക്ക് വരണമെന്നും പറഞ്ഞ് പാസ് പോര്‍ട്ടും ടിക്കറ്റും കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു.

ഖാദര്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് സെഷന്‍സ് ഹൈകോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ശ്രമിച്ചു. കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.