ജീവനക്കാർക്ക് ഓഫീസിൽ എത്താനായി വാഹനസൗകര്യം ഒരുക്കി നഗരസഭ…

ലോക്ക് ഡൗണിനെ തുടർന്ന് കൊടുങ്ങല്ലൂർ നഗരസഭാ ജീവനക്കാർക്ക് ഓഫീസിൽ എത്താനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനായി പ്രത്യേക വാഹന സർവീസ് ആരംഭിച്ചു. കലക്ടറുടെ അനുമതിയോടെ നഗരസഭയുടെ നേതൃത്വത്തിലാണ് പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയത്. രാവിലെ എട്ടരയ്ക്ക് തൃശ്ശൂർ പാലക്കലിൽ നിന്നും പുറപ്പെടുന്ന ബസ് ചെറിയപാലം, ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ,മാള, നെല്ലായി, ആളൂർ, പൊയ്യ ആനപ്പുഴ വഴി കൊടുങ്ങല്ലൂരിലാണ് എത്തുക. ഈ വഴിയുള്ള ജീവനക്കാർക്ക് ഈ ബസ് യാത്രക്കായി ഉപയോഗപ്പെടുത്താം. തൃശൂരിലെ സ്വകാര്യ സ്കൂളിലെ ബസ് ആണ് സർവീസിനായി ഒരുക്കിയിരിക്കുന്നത്. രാവിലെയും വൈകീട്ടും ഈ സൗകര്യം ലഭിക്കുന്നതിനാൽ മുഴുവൻ ജീവനക്കാരും ഓഫീസിൽ എത്തുന്നുണ്ടെന്ന് ചെയർമാൻ കെ ആർ ജൈത്രൻ പറഞ്ഞു.