നിരോധിത പുകയില ഉത്പന്നങ്ങളുമായി പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍..

police-case-thrissur

തിരുവല്ല- സവാള എന്ന വ്യാജേന പിക്കപ്പ് വാനില്‍ ബാംഗ്ലൂരില്‍ നിന്നും കടത്തുകയായിരുന്ന 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ തിരുവല്ലയില്‍ പോലീസ് പിടിയിലായി. പാലക്കാട് തിരുമറ്റക്കോട് പാത്തന്നൂര്‍ വലിയ തുടിയില്‍ വീട്ടില്‍ അമീന്‍ (38), പാലക്കാട് തിരുമറ്റക്കോട് നെല്ലിക്കാട്ടില്‍ പാത്തന്നൂര്‍ പുലാവട്ടത്ത് വീട്ടില്‍ ഉനൈസ് (24 ) എന്നിവരാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ എം സി റോഡിലെ മുത്തൂരില്‍ നിന്നും പിടിയിലായത്. സവാള ചാക്കുകള്‍ക്ക് താഴെ ഒളിപ്പിച്ചിരുന്ന 45 ചാക്ക് ഹാന്‍സാണ് പിക്കപ്പ് വാനില്‍ നിന്നും പിടികൂടിയത്.

തിരുവല്ലയിലെ മൊത്തക്കച്ചവടക്കാരന് കൈമാറാന്‍ കൊണ്ടുവന്നതാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.