സെറിബ്രൽപാഴ്സി രോഗബാധിതന് ചികിത്സാസഹായവുമായി പോലീസ്…

വെസ്റ്റ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് പോലീസ് അയ്യന്തോൾ എസ്എം ലൈനിൽ മുട്ടത്ത് റപ്പായിയുടെ വീട്ടിൽ എത്തിയപ്പോഴാണ് വേദനാജനകമായ ഒരു കാഴ്ചകണ്ടത്. റപ്പായിയുടെ മകൻ സിജോ സെറിബ്രൽ പാഴ്സി എന്ന അസുഖം മൂലം ജന്മനാ ചികിത്സയിലാണ്. അച്ഛൻ റപ്പായി അംഗപരിമിതനുമാണ് . ഭാര്യ മരണപെട്ടിട്ട് വർഷങ്ങൾ ആയതിനാൽ ഇവർ മാത്രമാണ് വീട്ടിലുള്ളത്.ഇരുവർക്കും ലഭിക്കുന്ന പെൻഷൻ കൊണ്ടാണ് ഇവർ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത് . ലോക്ക്‌ ഡൗൺ മൂലം ആശുപത്രിയിൽ പോകാനാകാതേയും മരുന്ന് മുടങ്ങിയും സിജോ ദിവസങ്ങളായി അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു . അംഗപരിമിതനായ റപ്പായി മകനെ പുറത്ത് കൊണ്ടുപോകാനാകാതെയും വീട്ടിലെ ബുദ്ധിമുട്ടുകളിലും വിഷമിക്കുന്ന അവസ്ഥയിലാണ് ജനമൈത്രി പോലീസ് ഗൃഹസന്ദർശനത്തിന് എത്തുകയും ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തത്.

എസ് ഐമാരായ അജിത് , നിഖിൽ , സിപിഒ മാരായ സുധീർ , ജനമൈത്രി ബീറ്റ് ഓഫീസർ ആയ കിരൺ , പോലീസ് ട്രെയിനി സൈൻ എന്നിവർ സ്ഥലത്ത് എത്തി സിജോയെ പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യ ആശുപത്രിയിൽ എത്തിച്ചു . ചികിത്സക്കു ശേഷം ഇവരെ വീട്ടിലെത്തിച്ച വെസ്റ്റ് പോലീസ് സിജോയ്ക്ക് ആവശ്യമായ മരുന്നും കിറ്റും നൽകിക്കൊണ്ടാണ് മടങ്ങിയത് .