
ക്ഷേത്രം ഇടത്തരികത്തുകാവിൽ ധനു 1ന് ആരംഭിച്ച കളംപാട്ടിന്റെ സമാപനമായി ചൊവ്വാഴ്ച ദേവസ്വം വക താലപ്പൊലി ആഘോഷിക്കും. പുലർച്ചെ 3 മുതൽ അഭിഷേകം, അലങ്കാരം, കേളി എന്നിവയുണ്ടാകും.ഗുരുവായൂർ ക്ഷേത്രത്തിൽ ഉച്ചപ്പൂജയും ശീവേലിയും നേരത്തെ പൂർത്തിയാക്കി രാവിലെ 11.30ന് നടയടയ്ക്കും. 12ന് ഭഗവതിയെ ആനപ്പുറത്ത് പുറത്തേക്ക് എഴുന്നള്ളിക്കും.
പള്ളിവാളുമായി കോമരം മുന്നിൽ നടക്കും. കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ പഞ്ചവാദ്യം അകമ്പടിയാകും. കിഴക്കേ നടപ്പുരയിൽ മൂന്നാനകളോടെ എഴുന്നള്ളിപ്പു നീങ്ങി പഞ്ചവാദ്യം അവസാനിപ്പിക്കും. തുടർന്നു പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളത്തോടെ തിരിച്ചെഴുന്നള്ളുമ്പോൾ നടയ്ക്കൽ പറയോടെ സ്വീകരണം ഒരുക്കും. പറകൾ സ്വീകരിച്ച് കുളപ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് ഭഗവതിക്കെട്ടിൽ ഇറക്കി എഴുന്നള്ളിക്കും.
രാത്രി 10ന് പഞ്ചവാദ്യം, മേളം, താലപ്പൊലി എന്നിവയോടെ എഴുന്നള്ളിപ്പു നടക്കും. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 6.30 മുതൽ ജ്യോതിദാസ് ഗുരുവായൂരിന്റെ അഷ്ടപദി, 8ന് പ്രഫ. കേശവൻ നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണം.