
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പൂവാൻതോടിൽ പുലി ഭീതി. വ്യാഴാഴ്ച രാത്രി പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാരിൽ ചിലരാണ് വിവരമറിയിച്ചത്. പുലിയോട് രൂപസാദൃശ്യമുള്ള ജീവി റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്തെ കാർ യാത്രക്കാരാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് അറിയുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നടപടി ആവശ്യപ്പെട്ട് ജനങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. വനംവകുപ്പും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.