
ഗുരുവായൂർ : ക്ഷേത്രത്തിൽ മണ്ഡലകാലത്ത് നടത്തുന്ന അംഗുലീയാങ്കം കൂത്ത് വെള്ളിയാഴ്ച തുടങ്ങും. വെള്ളിയാഴ്ച രാവിലെ ശ്രീകോവിലിൽ നിന്ന് ഓതിക്കൻ നൽകുന്ന അഗ്നി കൂത്തമ്പലത്തിലെ ദീപത്തിൽ പകരുന്നതോടെ കൂത്ത് ആരംഭിക്കും.
പന്തീരടി പൂജയ്ക്കു മുൻപ് കുട്ടഞ്ചേരി സംഗീത് ചാക്യാർ ഹനുമാൻ വേഷധാരിയായി നാലമ്പലത്തിൽ പ്രവേശിച്ച് സോപാനപ്പടിക്കയറി മണിയടിച്ച് ഗുരുവായൂരപ്പനെ വണങ്ങും. ശ്രീലകത്തു നിന്ന് മേൽശാന്തി ശ്രീനാഥ് നമ്പൂതിരി ശംഖ് തീർഥവും പ്രസാദവും നൽകും. ഗുരുവായൂർ ശ്രീലകത്തു നിന്ന് മേൽശാന്തി നേരിട്ട് പ്രസാദം നൽകുന്നത് ഹനുമാനു മാത്രമുള്ള അവകാശമാണ്. ഹനുമാൻവേഷത്തിൽ രാമായണം കഥ ആംഗ്യഭാഷയിലൂടെ അവതരിപ്പിക്കുന്ന അംഗുലീയാങ്കത്തിന് ഏറെ ആചാര പ്രാധാന്യമുണ്ട്.