പകൽ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം നിബന്ധനകൾ കർശനമാക്കി ജില്ലാതല നിരീക്ഷണസമിതി..

Thrissur_vartha_district_news_malayalam_pooram

തൃശ്ശൂർ : ആനയെഴുന്നള്ളിപ്പുകൾക്കുള്ള നിബന്ധനകൾ കർശനമാക്കി ജില്ലാതല നിരീക്ഷണസമിതി. പുതിയ ഉത്സവങ്ങൾക്കോ നിലവിലെ ഉത്സവങ്ങളിൽ ആനകളുടെ എണ്ണം കൂട്ടുന്നതിനോ അനുമതി നൽകില്ലെന്ന് സമിതി അറിയിച്ചു. 1- പകൽ 11-നും 3.30-നും ഇടയിൽ ആനയെഴുന്നള്ളിപ്പ് പാടില്ലെന്നും നിർദേശത്തിലുണ്ട്. 2- (11-നും) മൂന്നിനും ഇടയിൽ ആനകളെ നടത്തിയോ വാഹനത്തിലോ കൊണ്ടു പോകാനും പാടില്ല. 3- ആനകളിൽ നിന്ന് കുറഞ്ഞത് മൂന്നു മീറ്റർ അകലത്തിലേ ആളുകളെ നിർത്താവൂ. 4- അകലം പാലിക്കാൻ ബാരിക്കേഡുകൾ ഒരുക്കണം. ഉത്സവക്കമ്മിറ്റിക്കാണ് ഇതിന്റെ പൂർണ ഉത്തരവാദിത്വം.

5- എഴുന്നള്ളിപ്പ് സമയത്ത് ആനകൾ തമ്മിൽ 1.5 മീറ്റർ അകലം പാലിക്കണം. 6- ദിവസം ആറു മണിക്കൂറിൽ ക്കൂടുതൽ എഴുന്നള്ളിക്കരുത്. 7- ദിവസം രണ്ടു തവണയിൽ കൂടുതൽ ഒരേ ആനയെ എഴുന്നള്ളിക്കാനും പാടില്ല. 8- ആനകളെ കുത്തിപ്പൊക്കി തലയുയർത്തിച്ച്‌ നിർത്തരുത്. 9- തല്ലുകയോ മറ്റ്‌ ആയുധങ്ങൾ ഉപയോഗിക്കുകയോ അരുത്.

10- ആനയെ ഉപയോഗിക്കുന്ന ഉത്സവക്കമ്മിറ്റി 72 മണിക്കൂർ നേരത്തേക്ക് 25 ലക്ഷം രൂപക്ക് ഇൻഷുർ ചെയ്യണം. 12- കഴുത്തിൽ പേര് പ്രദർശിപ്പിക്കണം. 13- എഴുന്നള്ളിപ്പ് സമയത്ത് ഒന്നാംപാപ്പാൻ സമീപത്തുണ്ടാകണം. 14- ആനകൾ ഇടഞ്ഞ് പ്രശ്നമുണ്ടാക്കിയാൽ നഷ്ടപരിഹാരം നൽകേണ്ടത് ഉത്സവക്കമ്മറ്റികളാണെന്നും നിർദേശത്തിൽ പറയുന്നു.

15- ആനകൾക്ക് വെള്ളവും ഭക്ഷണവും കിട്ടുന്നുണ്ടെന്നുറപ്പുവരുത്തണം. 16- തീവട്ടി ഉൾപ്പെടെയുള്ളവ ആനയ്ക്ക് ചൂടേൽക്കാത്തവിധം പിടിക്കണം. 17- എലിഫെന്റ് സ്ക്വാഡിൽ വെറ്ററിനറി ഡോക്ടറുടെ സേവനവും ഡേറ്റാബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശസർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവയും ഉണ്ടെന്ന് ഉറപ്പുവരുത്തണം. 18- ആനപ്പുറത്തിരുന്ന് പൂത്തിരി കത്തിക്കാനോ ലേസർലൈറ്റ് പോലെ പ്രകോപനമുണ്ടാക്കുന്നവ ഉപയോഗിക്കാനോ പാടില്ല.

19- കോലത്തിലെ അലങ്കാരങ്ങൾ മൂലം വലുപ്പവും കനവും കൂടുന്ന അവസ്ഥ ഉണ്ടാകരുതെന്നും നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ആനകളെ കേരളത്തിൽ നിന്ന്‌ പുറത്തേക്ക് കൊണ്ടു പോകുന്നത് ഉത്കണ്ഠാജനകവും അപകടകരവുമാണെന്ന് അഖിലകേരള ആനത്തൊഴിലാളി യൂണിയൻ അഭിപ്രായപ്പെട്ടു.

ഓരോ വർഷവും പതിനഞ്ചിനും ഇരുപതിനും ഇടയിൽ ആനകൾ നിലവിൽ ചരിയുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ ആനയെ കൊണ്ടുവരാൻ നിയമം അനുവദിക്കുന്നില്ല. കാട്ടിൽ നിന്ന്‌ ആനകളെ പിടിക്കുന്നതിനും നിരോധനമുണ്ട്. ഇത്തരത്തിൽ കേരളത്തിൽ ആനകളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

ഉത്സവങ്ങളുടെ എണ്ണം കൂടിവരുകയാണ്. ഇതുമൂലം ആനകളുടെ ജോലിഭാരം വർധിക്കുകയാണ്. ഇത് ആനകളുടെ മാനസികസമ്മർദം കൂട്ടുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. പാപ്പാൻമാർക്ക് തൊഴിലില്ലാത്ത അവസ്ഥയും ഉണ്ടാകുന്നു. ആനപിടിത്തതിനോ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആനയെ കൊണ്ടുവരുന്നതിനോ അനുമതി ലഭിച്ചാൽമാത്രമേ ഇതു പരിഹരിക്കാനാകൂവെന്നും ആനത്തൊഴിലാളി യൂണിയൻ അഭിപ്രായപ്പെട്ടു.