
ഇടിമിന്നലിൽ യുവതിയുടെ കേൾവിശക്തി നഷ്ടപ്പെട്ടു. തലയിലും പുറത്തും പൊള്ളലേറ്റു. കൽപറമ്പ് വെങ്ങാട്ടുപിള്ളി ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന പണത്ത് സുബീഷിന്റെ ഭാര്യ ഐശ്വര്യയ്ക്കാണ് (36) പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 7 മണിയോടെ ഉണ്ടായ ഇടിമിന്നലിലാണ് അപകടം. വീടിന്റെ ചുമരിൽ ചാരി ഇരിക്കുകയായിരുന്ന ഐശ്വര്യ തെറിച്ചു വീണു വലത് ചെവിയുടെ കേൾവി നഷ്ടപ്പെട്ടു. വീട്ടിൽ ഉണ്ടായിരുന്ന 3 കുട്ടികളും സുബീഷും അച്ഛനും അമ്മയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മിന്നലിൽ വലിയ ശബ്ദത്തോടെ വീട്ടിലെ സ്വിച്ച് ബോർഡുകളും ബൾബുകളും പൊട്ടിതെറിച്ചു. സമീപത്തെ വീടുകളിലും മിന്നലിൽ നാശനഷ്ടങ്ങൾ സംഭവിച്ചു.