നവവരന് ബൈക്കപകടത്തിൽ ദാരുണാന്ത്യം.

പാലക്കാട്: കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അഞ്ച് ദിവസം മുൻപാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.

പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായ മോളൂരിൽ ഇന്നലെ വൈകീട്ടോടെയാണ്
അപകടമുണ്ടായത്. തൃശൂർ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടിൽ നിന്നും ബൈക്കിൽ കരുമാനാം കുറുശ്ശിയിലേക്ക് വരികയായിരുന്നു. ഇറക്കം ഇറങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.

ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും രണ്ട് പേർക്കും ഗുരുതരമായി പരുക്കേറ്റു. രണ്ടു പേരെയും നാട്ടുകാർ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബിന്റെ ജീവൻ രക്ഷിക്കാനായില്ല.