സംസ്ഥാനത്ത് പത്തു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു…

സംസ്ഥാനത്ത് പത്തു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടുക്കിയിൽ നാലുപേർക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ രണ്ടുപേർക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് എട്ടുപേർ രോഗമുക്തരായി. കാസർകോട് ആറുപേർക്കും മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്. ഇന്ന് രോഗം സ്ഥിരീകരിച്ച പത്തുപേരിൽ നാലുപേർ അയൽസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

രണ്ടുപേർ വിദേശത്തുനിന്നു വന്നവരാണ്. നാലുപേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്.
കോഴിക്കോട് ജില്ലയിലെ ഒരാള്‍ ദുബായില്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ ഒരാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. കോഴിക്കോട്, ഇടുക്കി ജില്ലയിലുള്ള ഓരോരുത്തരാണ് ചെന്നൈയില്‍ നിന്നും വന്നത്. ഇടുക്കി ജില്ലയിലെ ഒരാള്‍ മൈസൂറില്‍ നിന്നും ഒരാള്‍ പൊള്ളാച്ചിയില്‍ നിന്നും വന്നതാണ്. കോട്ടയം ജില്ലയിലെ 2 പേര്‍ക്കും കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.