വർഷങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ലോക്ക് ഡൗൺ കിണർ..

ലോക്‌ഡൗൺ കാലത്ത്‌ കുടിവെള്ളം ശേഖരിക്കാൻ വേണ്ടി തന്റെ കുടുംബം അത്യധികം കഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഷാജൻ ലോക്ക് ഡൗണിൽ കിണർ നിർമ്മിക്കാനായി തീരുമാനിച്ചത്.രണ്ട് വർഷം മുൻപ് മുറ്റത്ത് കിണറിനായി എടുത്ത കുഴി പാതി വഴിയിൽ കിടക്കുന്നുമുണ്ടായിരുന്നു. അതോടെ ആയുധങ്ങളുമായി ഷാജൻ കുഴിയിലേക്കിറങ്ങി. ഭാര്യയും മക്കളും ഒപ്പം കൂടി. ഒരു നേരം പോക്ക് പോലെ ആരംഭിച്ച പണി പതിനാല് കോല് പിന്നിട്ടപ്പോൾ കണ്ടത് വറ്റാത്ത ഉറവയാണ്.


കോടശേരി പഞ്ചായത്തിലെ മേച്ചിറ രണ്ടാം വാർഡിൽ പാറയ്ക്കൽ ഷാജനും കുടുംബവുമാണ് ലോക്‌ ഡൗൺ കാലത്ത് സ്വന്തം വീട്ടുമുറ്റത്ത് കിണർ കുഴിച്ച് കുടിവെള്ളം കണ്ടെത്തിയത്. ഭാര്യ സിനിയും മക്കളായ ക്രിസ്റ്റീന, ക്രെയ്ഡൽ, ഡിസോൾ എന്നിവരും ചേർന്നതോടെ പണി പാട്ടും പാടി തീർന്നു. ലോക്‌ ഡൗൺ കാലം കൊണ്ട് വർഷങ്ങൾ നീണ്ട കുടിവെള്ള പ്രശ്നത്തിന് കൊടുംവേനലിൽ പരിഹാരമായ സന്തോഷത്തിലാണ് കുടുംബമിപ്പോൾ.