ഭർത്താവുമായുണ്ടായ തർക്കത്തിടെ മണ്ണെണ്ണ കുടിച്ച പൂർണ ഗർഭിണിയായ യുവതി ആശുപത്രിയിൽ.

തൃശൂർ: ഭർത്താവുമായുണ്ടായ തർക്കത്തിടെ മണ്ണെണ്ണ കുടിച്ച പൂർണ ഗർഭിണിയായ യുവതി ആശുപത്രിയിൽ. വഴക്കിനിടെ ഇവർ ശരീരത്തിൽ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു. പഴഞ്ഞി ജെറുസലേമിൽ താമസിക്കുന്ന കുമലിയാർ അരുണിന്റെ ഭാര്യ നദിയെ (27) ആണ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ഭർത്താവുമായി തർക്കമുണ്ടായതിനെ തുടർന്നാണ് യുവതി സ്വയം ശരീരത്തിലൂടെ മണ്ണെണ്ണ ഒഴിക്കുകയും കുടിക്കുകയും ചെയ്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തെരുവ് സർക്കസുകാരായ യുവതിയും ഭർത്താവും അഞ്ചു ദിവസം മുമ്പാ പഴഞ്ഞിയിൽ എത്തിയത്. പൂർണ ഗർഭിണിയായ യുവതി മണ്ണെണ്ണ ശരീരത്തിലൂടെ ഒഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷംനാദ്, വിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. യുവതിയുടെ ആരോഗ്യനില വഷളായതോടെ തുടർ ചികിത്സയ്ക്കായി പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.