ചേറ്റുവ പുഴയിൽ പ്ലാസ്റ്റിക് ചങ്ങാടമിറങ്ങി…

ഭൗമദിനത്തിൽ ചേറ്റുവ പുഴയിലേക്ക് പുതിയൊരു അതിഥി കൂടെയെത്തി. ഇത്രയും കാലം പുഴക്ക്‌ ശാപമായിരുന്ന പ്ലാസ്റ്റിക് കുപ്പികളുടെ അല്പം വ്യത്യസ്തമായ വരവായിരുന്നൂ അത്.ഇക്കുറി ശല്യക്കാരനായല്ല, ഒരു സുഹൃത്തായിട്ടാണെന്ന് മാത്രം.ഒരു കൂട്ടം യുവാക്കൾ ചേർന്ന് പ്ലാസ്റ്റിക് കുപ്പികളും മുളയും ഉപയോഗിച്ച് കൊണ്ടാണ് ചങ്ങാടം നിർമ്മിച്ചത്.ചേറ്റുവ കിഴക്കുഭാഗം കുന്നത്തങ്ങാടി പ്രദേശത്തുള്ള യുവാക്കൾ പുഴയിലേക്കും റോഡരികിലേക്കും ആളുകൾ വലിച്ചെറിഞ്ഞ കുപ്പികൾ ശേഖരിച്ചാണ് ചങ്ങാടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. പത്തടി നീളവും, ആറടി വീതിയുമുള്ള ചങ്ങാടത്തിൽ പത്തു പേർക്ക് സുഖമായി യാത്ര ചെയ്യാം.


സുധീർ പണ്ടാരത്തിലും റാഫി കൈനയിലും ചേർന്ന് ഇതിന് ആവശ്യമായ മുളകൾ സൗജന്യമായി നൽകി. ചിത്രകലാ അധ്യാപകനായ സുധീഷിന്റേതാണ്‌ ആശയം. ശ്രീജിത്ത്‌ മാഞ്ചേരി, ഷിനോജ് മാഞ്ചേരി, ബാബു മാഞ്ചേരി, നിധിൻ മാഞ്ചേരി, പ്രസാദ് കൊരട്ടിപറമ്പിൽ, പ്രനിൻ കൊരട്ടിപറമ്പിൽ തുടങ്ങിയവരും നിർമാണത്തിൽ പങ്കാളികളായി. ലോക്ഡൗൺ നിബന്ധനകൾ നിലനിൽക്കുന്നതിനാൽ ദിവസവും രണ്ടുപേർ വീതം ചേർന്നാണ് ചങ്ങാടം പൂർത്തിയാക്കിയത്.
ചങ്ങാടം വെള്ളത്തിൽ ഇറക്കിയതോടെ ലോക്ക് ഡൗൺ കഴിഞ്ഞ് ചങ്ങാടത്തിൽ യാത്ര ചെയ്യാൻ യുവാക്കളോടൊപ്പം ആവേശത്തോടെ കാത്തിരിക്കുകയാണ് നാട്ടുകാരും.