ഓണാഘോഷത്തിന് സമാപനം കുറിച്ച്‌ തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങും.

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച്‌ തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങും. അഞ്ച് ദേശങ്ങളാണ് ഇത്തവണ പുലികളിയില്‍ പങ്കെടുക്കുന്നത്. പുലികളിയോട് അനുബന്ധിച്ച്‌ ഇന്ന് ഉച്ചക്ക് 12 മുതല്‍ തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.

കടുത്ത വര്‍ണങ്ങളണിഞ്ഞ പുലിവീരൻമാരും പെണ്‍പുലികളും കുട്ടിപ്പുലികളും തൃശൂര്‍ നഗരത്തെ വളയുന്ന സുന്ദരമായ കാഴ്ചക്കൊപ്പം നാട് ഒന്നാകെ ഇന്ന് പുലിക്കളി ആവേശത്തിലാകും. പുള്ളിപ്പുലി, വരയൻ പുലി, ചീറ്റപ്പുലി എന്ന് തുടങ്ങി കരിമ്പുലിയും, ഹിമപ്പുലിയും വരെ നഗരം കീഴടക്കും.

പുലര്‍ച്ചെ മുതല്‍ പുലിമടകളില്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിയ്യൂര്‍ സെന്‍റര്‍, സീതാറാം മില്‍, കാനാട്ടുകര ദേശം, അയ്യന്തോള്‍, ശക്തൻ പുലിക്കളി എന്നിവയാണ് ഇത്തവണത്തെ സംഘങ്ങള്‍. ഓരോ മടയില്‍ നിന്നും 51 വരെ പുലികളും പുലിക്കൊട്ടുകാരും ഉണ്ടാകും. ഓരോ പുലികളി സംഘവും സസ്‌പെൻസായി അവതരിപ്പിക്കുന്ന പുലികള്‍ പുലികളിയിലെ ആവേശ കാഴ്ചയാണ്.