കോവിഡ് ബോധവത്കരണത്തിന്റെ വിവിധ മാതൃകകൾ ഇതിനോടകം കണ്ടുകഴിഞ്ഞ തൃശൂർകാർക്ക് ഇനി അല്പം വ്യത്യസ്തമായ ബോധവത്കരണം കാണാം.ക്ഷേത്രകലയായ ചാക്യാർകൂത്താണ് ഇതിലെ പുതിയ താരം.മിമിക്രി കലാകാരനായ തിരുവില്വാമല വേലായുധൻ ആണ് ചാക്യാർകൂത്തിലൂടെ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനു സമീപത്ത് ബോധവത്കരണം നടത്തിയത്.
യാത്രികർക്ക് മുന്നിൽ ലോക്ക് ഡൗണിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായി ചാക്യാർകൂത്തിലൂടെ അവതരിപ്പിച്ചു. ഇത് കൂടാതെ കേരളത്തിലെ പ്രമുഖ നേതാക്കളുടെ ശബ്ദത്തിൽ കോവിഡ് പ്രതിരോധ സന്ദേശം കൈമാറുകയും ചെയ്തു.പതിനഞ്ചു വർഷത്തോളമായി മിമിക്രി രംഗത്ത് സജീവ സാന്നിധ്യമാണ് വേലായുധൻ. നിരവധി വേദികളിൽ മിമിക്രി അവതരിപ്പിച്ചിട്ടുള്ള വേലായുധൻ സ്കൂളുകൾക്കായി ശുചിത്വ ബോധവത്കരണം ലക്ഷ്യമിട്ടുള്ള ചാക്യാർകൂത്ത് അവതരിപ്പിച്ചിട്ടുണ്ട്.