വടക്കൻ ജില്ലകളിൽ മഴ ശക്തമാകും; 5 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്..

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരും. വടക്കൻ ജില്ലകളിലാകും മഴ ശക്തമാകുകയെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 5 ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ യെലോ അലർട്ടുള്ളത് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്.

ഇടുക്കി ജില്ലയിൽ മലയോര മേഖലകളിലേക്ക് വൈകിട്ട് 7 മുതൽ രാവിലെ 6 വരെയുള്ള യാത്രകൾക്കു നിരോധനം തുടരുകയാണ്. എറണാകുളം ജില്ലയിൽ കണ്ണമാലി മേഖലയിലെ കടൽക്കയറ്റം തുടരുന്നു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നൽകി.