അതിശക്തമായ മഴ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്..

തിരുവനന്തപുരം: അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർച്ച് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് എട്ട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

മൺസൂൺ പാത്തി നിലവിൽ അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്ക് ഭാഗത്തും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യുനമർദ പാത്തിയും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി ചക്രവാതചുഴിയും ആൻഡമാൻ കടലിനു മുകളിൽ മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.

ഇതിനാൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതും അതി ശക്തമായ മഴക്കും ജൂലൈ നാല്, അഞ്ച് തീയതികളിൽ ചിലയിടങ്ങളിൽ അതി തീവ്രമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.