നാടൊട്ടുക്ക് സഹായവുമായി പെൻഷൻകാർ…

ലോക്ക് ഡൗൺ കാലത്ത് പെൻഷൻ പറ്റിയിട്ടും വിശ്രമമില്ലാതെ രംഗത്തുണ്ട് ജില്ലയിലെ പെൻഷൻകാർ. കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾക്ക് പിന്തുണപ്രഖ്യാപിച്ച് സമൂഹ അടുക്കളകളിൽ മാസ്ക്, സാനിറ്റൈസർ എന്നിവ ആവശ്യക്കാർക്ക് എത്തിച്ചുകൊണ്ടാണ്‌ ഇവർ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകുന്നത്. സഹായഹസ്‌തം.

ചെമ്പൂക്കാവ്, വിയ്യൂർ യൂണിറ്റുകളിലെ പെൻഷൻകാർ തൃശൂർ ജനറൽ ആശുപത്രി അധികൃതരെയും ആളൂർ, പൊറിത്തിശേരി, പൊയ്യ യൂണിറ്റുകൾ പഞ്ചായത്തുകളെയും മാസ്‌ക്കുകൾ ഏൽപ്പിച്ചു.കൊടകര, വടക്കാഞ്ചേരി, വെള്ളാങ്കല്ലൂർ, മതിലകം, കുന്നംകുളം, ചാവക്കാട്, ചൊവ്വന്നൂർ, പഴയന്നൂർ, ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റികൾ ഹെൽത്ത് സെന്ററുകളിലാണ് സഹായമെത്തിച്ചത്.
അരിയും പലവ്യഞ്ജനങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും പെൻഷനേഴ്സ് യൂണിയന്റെ വിവിധ യൂണിറ്റുകൾ തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തുന്ന സമൂഹ അടുക്കളകളിലേക്ക് നൽകി. ആരോഗ്യ സുരക്ഷ മുൻകരുതലുകളും ഭക്ഷ്യ വസ്തുക്കളും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിച്ചു കൊണ്ട് മുൻനിരയിൽ തന്നെയാണ് പ്രായം തളർത്താത്ത പോരാളികൾ.