57.46 ലക്ഷം രൂപ നന്തിലത്ത് ജി മാർട്ട് കമ്പനി അക്കൗണ്ടുകളിൽ നിന്നു തട്ടിയെടുത്ത കേസിൽ എച്ച്ആർ മാനേജർ അറസ്റ്റിൽ..

തൃശൂർ ∙ ജീവനക്കാരുടെ പേരിൽ ശമ്പളരേഖകൾ വ്യാജമായി നിർമിച്ച് 57.46 ലക്ഷം രൂപ നന്തിലത്ത് ജി മാർട്ട് കമ്പനി അക്കൗണ്ടുകളിൽ നിന്നു തട്ടിയെടുത്ത കേസിൽ എച്ച്ആർ മാനേജർ അറസ്റ്റിൽ. ഗുരുവായൂർ തൈക്കാട് മാവിൻചുവട് ഓടാട്ട് റോഷിൻ (37) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

മാരാർ റോഡിലെ നന്തിലത്ത് ജി മാർട്ട് സി ഇ ഒ സുബൈർ നൽകിയ പരാതിയിലാണു നടപടി. ഇവിടെ കോർപറേറ്റ് ഓഫിസിൽ ജോലി ചെയ്തിരുന്ന പ്രതി 2018 ജൂൺ 25 മുതൽ 2023 ജനുവരി 31 വരെയുള്ള കാലത്തു ജോലിചെയ്തിരുന്ന ജീവനക്കാരുടെ സാലറി അക്കൗണ്ടിൽ കൃത്രിമം നടത്തി സ്വന്തം ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കു തുക മാറ്റിയെടുത്തു എന്നു കണ്ടെത്തിയിട്ടുണ്ട്.

10 അക്കൗണ്ടുകൾ ഇതിനായി ഉപയോഗിച്ചു. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പറുകളും ഐഎഫ്എസ്‍സി കോഡുകളും അടക്കമുള്ള ഇലക്ട്രോണിക് ഡേറ്റ വ്യാജമായി ചമച്ചു കോർപറേറ്റ് ഓഫിസിൽ സമർപ്പിച്ചായിരുന്നു തട്ടിപ്പ്. ജോലി ചെയ്യാത്തവരുടെ പേരിൽ പോലും വ്യാജ ശമ്പളരേഖകൾ നിർമിച്ച ശേഷം പ്രതി ഭാര്യയുടെയും അച്ഛന്റെയും സഹോദരന്റെയും സുഹൃത്തുക്കളുടെയും അക്കൗണ്ട് നമ്പറുകളിലേക്കു പണം മാറ്റി.