![Thrissur_vartha_district_news_nic_malayalam_zoo Thrissur_vartha_district_news_nic_malayalam_zoo](http://thrissurvartha.com/wp-content/uploads/2021/02/IMG-20210220-WA0001-696x365.jpg)
പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ഇന്ത്യക്ക് പുറത്തു നിന്നു മൃഗങ്ങളെ എത്തിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. മന്ത്രി കെ. രാജനൊപ്പം പാർക്കിലെത്തി നിർമാണ പ്രവൃത്തികൾ വിലയിരുത്തിയ ശേഷമാണു മന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തിൽ സൂ അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തുന്നുണ്ട്.
പാർക്കിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പുത്തൂരിനെ ടൂറിസം വില്ലേജാക്കി ഉയർത്തും. പഞ്ചായത്തിനും തദ്ദേശീയർക്കും വരുമാനം ലഭിക്കുന്ന വിധത്തിൽ പദ്ധതികൾ നടപ്പാക്കും. പുത്തൂരിലെ വ്യാപാര സ്ഥാപനങ്ങളടക്കം ഒരേ മാതൃകയിൽ പുനർനിർമിക്കും.
ജൂലൈയിൽ കൂടുതൽ മൃഗങ്ങളെയും പക്ഷികളെയും പാർക്കിലെത്തിക്കും. 2024ൽ പാർക്ക് ജനങ്ങൾക്കായി തുറന്നു കൊടുക്കും. മൂന്നാം ഘട്ട നിർമാണം ആരംഭിച്ചു കഴിഞ്ഞു. സുവോളജിക്കൽ പാർക്കും പുത്തൂർ കായൽ ടൂറിസം കേന്ദ്രവും മരോട്ടിച്ചാൽ വെള്ളിച്ചാട്ടവും പീച്ചി–ചിമ്മിനി ഡാമുകളും ചേർത്തു ടൂറിസം വില്ലേജ് എന്ന ആശയം നടപ്പാക്കുമെന്നു മന്ത്രി കെ. രാജൻ പറഞ്ഞു.