ലോക്ക് ഡൗൺ കിണറുമായി അച്ഛനും മകനും..

ലോക്ഡൗണിലെ ബോറടി മാറ്റാൻ പലരും പല വഴികളാണ് കണ്ടെത്തുന്നത്. മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തമായാണ് ഒരു അച്ഛനും മകനും തങ്ങളുടെ സമയം ചിലവഴിക്കാൻ തീരുമാനിച്ചത്. വീട്ടിലൊരു പുതിയ കിണർ നിർമ്മിച്ചാണ് തിരുവില്വാമല ആനപ്പാറ പീടികമുക്ക്‌ കൃഷ്ണകീർത്തിയിലെ ഗോപകുമാറും മകൻ ആദർശ് കൃഷ്ണയുമാണ്‌ കിണർ പണി ചലഞ്ചായി എടുത്തത്. ഏപ്രിൽ 14-നുശേഷം ലോക്ഡൗൺ നീട്ടിയപ്പോഴാണ് ഇരുവരും കിണർ നിർമാണത്തിലേക്ക്‌ ഇറങ്ങിയത്. വീടിനോട് ചേർന്നുള്ള പറമ്പിലാണ് കിണർ കുഴിച്ചത് .ഒരാഴ്ചകൊണ്ടുതന്നെ ഒരാൾ താഴ്ചയിൽ കുഴിയെടുത്തുകഴിഞ്ഞു.

എല്ലാ ദിവസവും രാവിലെയും വൈകീട്ടുമാണ് പണിക്കിറങ്ങുന്നത്. അത് മാത്രവുമല്ല വീട്ടിലെ പറമ്പിലെ വാഴയ്ക്കും തെങ്ങിനുമൊക്കെ തടമെടുക്കാനും സമയം കണ്ടെത്തി. വീട്ടിൽ മീൻ വളർത്തുന്നതിനുള്ള ചെറിയ കുളം നിർമ്മിച്ചതും ഇവർതന്നെയാണ്.സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ സീനിയർ ക്ലാർക്കാണ് ഗോപകുമാർ. മകൻ തിരുവില്വാമല ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയും.