കളിച്ചും ചിരിച്ചും ഉണ്ടും ഉറങ്ങിയും കളയാനുള്ളതല്ല ഈ ലോക്‌ഡൗൺ കാലമെന്നും ഇത് കലാവിരുതിന്റെയും സർഗാത്മകതഉണർത്തേണ്ടതിന്റെയും കൂടി കാലമാണെന്നും ഓർമിപ്പിക്കുകയാണ് കോലഴി പഞ്ചായത്തിലെ തിരൂർ പമ്പ്ഹൗസ് റോഡ് സ്വദേശികളായ സഹോദരിമാർ. ചിറമ്മൽ ബാബു–-മരീന ദമ്പതികളുടെ മക്കളായ മരിയ, റോസ്മോൾ എന്നിവരാണ് പാഴ്വസ്തുക്കൾ കൊണ്ട് അത്ഭുതം തീർക്കുന്നത്. ന്യൂസ് പേപ്പർ, ഒഴിഞ്ഞ കുപ്പികൾ തുടങ്ങി ഒന്നും ഇവിടെ വെറുതെ കളയാറില്ല.
മനോഹരമായ ചിത്രങ്ങൾ കൊണ്ട് കുപ്പികൾ അലങ്കരിക്കപ്പെടുമ്പോൾ പിസ്തയുടെ തോട് മെഴുകുതിരി സ്റ്റാൻഡായും പക്ഷിത്തൂവലുകൾ പൂക്കളായും മാറുന്നു.പഴയ ന്യൂസ് പേപ്പറുകളിൽ സൈക്കിളും ബൈക്കും മൊബൈൽ സ്റ്റാൻഡും ട്രേയും ഷെൽഫുമെല്ലാം മെനഞ്ഞെടുക്കുന്ന വിസ്മയമാണ് ഇവിടെ കാണുന്നത്. കുപ്പികളിൽ ചിത്രങ്ങൾക്കൊപ്പം ബ്രേക്ക് ദി ചെയിൻ ലോഗോയും വരച്ചു ചേർക്കാൻ ഇവർ മറന്നിട്ടില്ല. ചുമരുകളിൽ പക്ഷികളും, മരങ്ങളും മുളങ്കൂട്ടവുമൊക്കെ ഏറെ ചാരുതയോടെ വരച്ചിട്ടിരിക്കുന്നു.
മരിയ തിരൂരിലെ ഒരു സ്വകാര്യ എംബിഎ കോളേജിലെ ലൈബ്രേറിയനാണ്. ഒപ്പം പിജി പഠനവും നടത്തുന്നു. റോസ്മോൾ തിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. വയലിനിൽ മികവ് തെളിയിച്ചവരാണ് ഇരുവരും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മരിയ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുണ്ട്.
റോസ്മോൾ ജില്ലാതലം വരെ എത്തിനിൽക്കുന്നു. ജീവിതത്തിലുടനീളം ഓർക്കാനുള്ളവ നിർമിച്ചെടുക്കുകയാണ് ഈ കൊറോണ കാലത്ത് ലക്ഷ്യമെന്ന് ഇവർ പറയുന്നു.