ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു..

തീവണ്ടിയിൽ യാത്രക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുവായൂർ സ്വദേശി അസീസ് ആണ് സഹയാത്രികനായ പരപ്പനങ്ങാടി സ്വദേശി ദേവദാസിനെ കുത്തിയത്. അക്രമത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അസീസിനെ ആർ.പി.എഫ് ഉദ്യോഗസ്ഥർ പിടികൂടി.

വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികൻ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ഓടി. ഇതിനിടയിൽ അക്രമി മറ്റൊരു തീവണ്ടിയിലൂടെ കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആർ.പി.എഫ് കീഴ്പ്പെടുത്തി.

പരിക്കേറ്റയാളെ ചോരയൊഴുകുന്ന നിലയിൽ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആക്രമിച്ചയാളെ പരിചയമില്ലെന്നാണ് പരിക്കേറ്റയാൾ മൊഴി നൽകിയത്. ദേവദാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.