തൃശൂർ കോർപ്പറേഷനിലെ വിൽവട്ടം സ്കൂളിലെ കോവിഡ്-19 ക്യാമ്പിൽ ഇന്നലെ വിയ്യൂർ പോലീസിന്റെ ആഭിമുഖ്യത്തിലായിരുന്നു ഉച്ചഭക്ഷണം സംഘടിപ്പിച്ചത്. തുടർന്ന് അരങ്ങേറിയ അന്തേവാസികളുടെ കലാപ്രകടനത്തിലാണ് ഈ അതുല്യ പ്രതിഭയെ തിരിച്ചറിഞ്ഞത്.
15,000 ലധികം പാട്ടുകൾ മനപാഠമാക്കിയയാളാണ് വയനാട് സ്വദേശി മുഹമ്മദ് ഗസ്നി. ചെറുപ്പത്തിൽ ശാസ്ത്രീയ സംഗീതം പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ദാരിദ്ര്യവും കാലചക്രവും അയാളെ ചുമട്ടുതൊഴിലാളിയാക്കി മാറ്റി.
ഇതിനിടയിൽ ചെറിയ ഗാനമേള ട്രൂപ്പുകളിൽ പാടാൻ അവസരം ലഭിച്ചു.ഏതാനും വലിയ ഗാനമേള ട്രൂപ്പുകളിലും പങ്കാളിയായി. പ്രായാധിക്യവും ശ്വാസം മുട്ടൽ അടക്കമുള്ള രോഗങ്ങളും ഗസ്നിയ്ക് പിടിപെട്ടതോടെ ഗാനമേളകൾക്ക് വിളിക്കാതെയായി. ഒമ്പതു വർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റതോടെ പണിയെടുത്തും ജീവിക്കാൻ കഴിയാതെ വന്നു. ഇതോടെ പല തെരുവുഗായകസംഘങ്ങളിലും പാടി ഉപജീവനം കഴിച്ചുവരികയായിരുന്നു. ഗസ്നിയോട് അടുത്ത് ഇടപഴകിയ മറ്റൊരു അന്തേവാസിയാണ് ഇയാളുടെ കഴിവുകളെക്കുറിച്ച് ക്യാമ്പിൽ സന്ദർശനം നടത്തിയ വിയ്യൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി ഓഫീസർ മോഹൻകുമാറിനോട് പറഞ്ഞത്. ജീവിത പ്രതിസന്ധികളിൽ പാട്ടുകളാണ് തനിക്ക് കൂട്ടായി നിന്നത്. ഇപ്പോളിതാ പോലീസെന്ന മറ്റൊരു നല്ല കൂട്ടുകാരൻ കൂടിയായി എന്നും ഗസ്നി പറയുന്നു.