രാജ്യം മുഴുവൻ അടച്ചിട്ട കാലത്തും ഇവിടെ പട്ടിണിയില്ല.സമൂഹ അടുക്കളകൾ വഴിയാണ് അശരണരും അഗതികളുമായ ആളുകൾക്ക് മൂന്ന് നേരവും ഭക്ഷണം എത്തിക്കുന്നത്. ജില്ലയിൽ പതിനേഴാം തീയതി വരെ 3,46332 പേർക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തു.ഇതിൽ 2,83339പേർക്ക് സൗജന്യമായും 62933 പേർക്ക് 20 രൂപക്കുമാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടത്തുന്നത്.
മൂന്ന് നേരവും ഇത്തരത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താൽ എണ്ണം പത്ത് ലക്ഷം കടക്കും. ജില്ലയിലാകെ 99 സമൂഹ അടുക്കളകളാണ് പ്രവർത്തിക്കുന്നത്.20 രൂപക്ക് ഭക്ഷണം നൽകുന്ന 18 ജനകീയ ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്. സമൂഹ അടുക്കളകൾ തന്നെയാണ് കോവിഡ് ക്യാമ്പുകളിലെ വിശപ്പ് മാറ്റുന്നതും. പൊതു പ്രവർത്തകരും, കുടുംബശ്രീ പ്രവർത്തകരും നാടിന്റെ വിശപ്പടക്കാനായി അഹോരാത്രം പണിയെടുത്തു കൊണ്ടിരിക്കുമ്പോൾ ഇവിടേക്കുള്ള പച്ചക്കറികളും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ച് നൽകി കൂടെ നിൽക്കുകയാണ് സാമൂഹ്യ സംഘടനകളും വ്യക്തികളും.