
രാജ്യത്ത് നിലവില്‍ ഒമിക്രോണ്‍ ഉപവകഭേദമാണ് വ്യാപിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നിലവിലെ വ്യാപനം ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ വര്‍ധനയ്ക്ക് കാരണമായിട്ടില്ല.
ജാഗ്രത തുടരണം എന്നും എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഇന്ന് 3,641 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 3,824 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്നത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.12-ഉം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.45-ഉം ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,800 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 4,41,75,135 ആയി. നിലവില്‍ 20,219 പേര് ചികിത്സയില്‍ കഴിയുന്നു. രാജ്യത്ത് കോവിഡ് കൂടിവരുന്ന സാഹചര്യത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ശ്വാസ തടസ്സം, അഞ്ചു ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന കടുത്ത പനിയും ചുമയും തുടങ്ങിയ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണമെന്ന് മാര്‍ഗനിര്‍ദേശത്തിലുണ്ട്.