റേഷൻ വിതരണത്തിൽ ക്രമക്കേട്;മിന്നൽ പരിശോധനയുമായി ഭക്ഷ്യകമ്മീഷൻ…

റേഷൻ വിതരണത്തിനിടെ അരിയുടെയും മറ്റും തൂക്കത്തിൽ വ്യാപകമായി വെട്ടിപ്പ് നടക്കുന്നുവെന്ന ഉപഭോക്തൃ പരാതിയെ തുടർന്ന് ഭക്ഷ്യ കമ്മിഷൻ ജില്ലയിൽ മിന്നൽ പരിശോധന നടത്തി. തൃശ്ശൂർ, തലപ്പിള്ളി താലൂക്കുകളിലെ റേഷൻകടകളിലാണ് പരിശോധന നടന്നത്. വാതിൽപ്പടി വിതരണത്തിൽ അരിയിലും ഗോതമ്പിലുമെല്ലാം അമ്പത് കിലോ വരെ തൂക്കത്തിൽ വെട്ടിപ്പ് നടത്തുന്നുവെന്നാണ് ആരോപണം ഉയർന്നത്. പരിശോധനയിൽ ചില റേഷൻകടകളിൽ ക്രമക്കേട് കണ്ടെത്തുകയും ഇവക്കേതിരെ കമ്മിഷൻ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. ഭക്ഷ്യ കമ്മിഷൻ അംഗം വി.രമേശന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടന്നത്. ഒരു റേഷൻകടയിൽ 93 ചാക്ക് അരി എത്തിയതിൽ 50 കിലോയുടെ കുറവുണ്ട് എന്ന് സെയിൽസ്‌മാൻ തന്നെ കമ്മിഷൻ അംഗത്തോട് വെളിപ്പെടുത്തി. താലൂക്ക് സപ്ലൈ ഓഫീസറോട് സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.