ആമിനയുടെ ‘ ചെറിയ ‘ വലിയകൃഷി…

ഏഴാം ക്ലാസുകാരി ആമിന ലോക്ക്‌ ഡൗൺ കാലത്ത് വീട്ടിൽ പച്ചപ്പ് നിറക്കുന്ന തിരക്കിലാണ്.മറ്റുള്ളവരിൽ നിന്നും അല്പം വ്യത്യസ്തമായാണ് ആമിനയുടെ കൃഷി.ഇതിന് പ്രത്യേക അധ്വാനമോ, ചിലവോ, സമയമോ ഒന്നും വേണ്ട. മൈക്രോ ഗ്രീൻസ് കൃഷിയാണ് ആമിനയുടെ തട്ടകം.മുളച്ച ശേഷം ചുരുങ്ങിയ ദിവസത്തിനുള്ളിൽ വിളവെടുക്കുന്ന ചെറു സസ്യങ്ങളാണ് മൈക്രോ ഗ്രീൻസ്‌.പ്ലാസ്റ്റിക് ട്രേയിൽ നനച്ച ചണച്ചാക്ക് വെച്ച് ഓരോ ഭാഗത്തായി തലേദിവസം കുതിർത്ത് വെച്ച ധാന്യങ്ങൾ വിതറിയിടും. തുണി കൊണ്ട് ട്രേ കെട്ടി ജനലിനടുത്ത് വെച്ച് ദിവസവും വെള്ളംകൊണ്ട് സ്പ്രേ ചെയ്താൽ വിത്തുകൾ മുഴുവൻ മുളക്കും. 8 ദിവസം കൊണ്ട് ഇവ വളർന്ന് പാത്രം നിറയും.പിന്നീട് ഇവ കത്രിക കൊണ്ട് മുറിച്ച് പാചകം ചെയ്യാം.ഇത്തരത്തിൽ ധാന്യങ്ങൾ, ഇലക്കറികൾ, പയറു വർഗങ്ങൾ എന്നിവ കൃഷി ചെയ്യാം.മുരിയാംതോട് പഴച്ചോട്, കാരണപറമ്പിൽ മുഹമ്മദ് റാഫിയുടെയും, അധ്യാപികയായ സാബിതയുടെയും മകളാണ് ആമിന ഫിദ. ആമിനക്ക്‌ കൃഷിക്ക് മുഴുവൻ സഹായവും പ്രചോദനവും ആകുന്നത് ജൈവ കർഷകനായ ഹനീഷ് കുമാറും, സയന്സ് അധ്യാപിക ബേബിയുമാണ്.