തൃശൂർ : ഒളരി മദർ ഹോസ്പിറ്റലിൽ തീപ്പിടുത്തം. ആളപായമില്ല. തീപ്പിടിച്ച ഐ.സി.യുവിൽ ഉണ്ടായിരുന്ന കുട്ടികളെ തക്കസമയത്ത് മാറ്റിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കുട്ടികളുടെ ഐ.സി.യു.വിലാണ് തീപ്പിടുത്തം ഉണ്ടായത്. മുറിയിലെ ഉപകരണങ്ങൾ കത്തിനശിച്ചു.
തീപ്പിടുത്തത്തെ തുടർന്ന് സമീപത്തെ ഓപ്പറേഷൻ തിയ്യറ്ററിലേക്കും ലേബർ റൂമിലും പുക നിറഞ്ഞു..7 കുട്ടികളെ മറ്റ് ഐ.സി.യു വിലേക്ക് ഉടനടി മാറ്റി. തുടർന്ന് 3 ആംബുലൻസുകളിലായി ഈ കുട്ടികളെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലേബർ റൂമിൽ ഉണ്ടായിരുന്ന 3 ഗർഭിണികളെ ഒളരി ചന്ദ്രമതി ആശുപത്രിയിലേക്ക് അടിയന്തിരമായി എത്തിച്ചു. ആശുപത്രിയുടെ ഒന്നാം നിലയിൽ 12 മണിയോടെയാണ് തീപ്പിടിച്ചത്. എ.സി.യിൽ നിന്നാണ് തീ പടർന്നതെന്നാണ് സൂചന. ആശുപത്രി പരിസരമാകെ പുക ഉയർന്നിരുന്നു. തൃശൂരിൽ നിന്നും 2 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.