ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങൾ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത ശിശുവികസന വകുപ്പ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം പരാതി നല്‍കുന്നതിനായി വാട്സ് ആപ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചു.
മദ്യം കഴിച്ച് ഭാര്യയേയും മക്കളേയും പുറത്താക്കുന്നവര്‍, സമൂഹത്തില്‍ മാന്യനായ ഭര്‍തൃപിതാവിന്റെ ക്രൂരമായ പീഡനം സഹിക്കേണ്ടിവരുന്ന സ്ത്രീ, വാക്കുകളുടെ അര്‍ത്ഥം മനസ്സിലാകാതെ പകച്ചുനില്‍ക്കുന്ന കുട്ടികള്‍, അമ്മയേയും ഗര്‍ഭിണിയായ പെങ്ങളേയും വീട്ടില്‍നിന്നും തല്ലിയിറക്കുന്ന മറ്റൊരു മകളും പിതാവും, പെട്രോള്‍ പമ്പ് വില്‍പ്പനയില്‍ മറുപക്ഷത്തിനൊപ്പം നിന്ന് അവരുടെ വ്യവസ്ഥകള്‍ അംഗീകരിക്കുവാന്‍ നിര്‍ബന്ധിക്കുന്ന ഭര്‍ത്താവ്, ഇത്രയും നാള് ശുശ്രൂഷകരായിരുന്ന ഹോം നഴ്സുമാരെ നിഷ്കരുണം പുറത്താക്കിയ വീട്ടുകാര്‍, വാടക കരാര്‍ ലംഘിച്ച് പുറത്താക്കപ്പെട്ട മനോരോഗി ഉള്‍പ്പെട്ട കുടുംബം ….
ഇങ്ങനെ ധാരാളം പരാതികള്‍ നാം സാംസ്കാരിക നഗരി എന്നഭിമാനിക്കുന്ന തൃശൂര്‍ ജില്ലയില്‍ നടന്നുവരുന്നു. ഇവയ്ക്കെല്ലാം തന്നെ ഒരു പരിധിവരെ തീര്‍പ്പുകല്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഇപ്പോളും വീടിനുള്ളിലെ അതിക്രമങ്ങള്‍ മൗനമായി സഹിച്ചുപോകുന്ന ഒരു വിഭാഗം കുട്ടികളും സ്ത്രീകളും, പീഡനങ്ങള്‍ അമിതമാകുമ്പോള്‍ അത് അവരുടെ മനോനിലയില്‍ മാറ്റം വരുത്തുന്നു. അങ്ങനെ ആത്മഹത്യചെയ്യുന്നവരുടെയും മനോരോഗികളുടെയും എണ്ണം വര്‍ദ്ധിക്കുന്നു.
ഒരു അതിക്രമം നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ വനിത ശിശുവികസന വകുപ്പിന്റെ വാട്സ് ആപ്പ് ഹെല്പ്പ്ലൈന് നമ്പറായ 9400080292 ലേക്ക് സന്ദേശം അയയ്ക്കാവുന്നതാണ്. പരാതിക്കാരന്റെ വിശദാംശങ്ങളും മറ്റും രഹസ്യമായി സൂക്ഷിക്കുന്നതാണ് എന്ന് ജില്ല കളക്ടർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.