ചാലക്കുടി ∙ പ്രായപൂർത്തിയാകാത്ത മകൾക്കുനേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ അമ്മയെയും അമ്മയുടെ കാമുകനെയും അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചു.
കാമുകന്റെ ഭാഗത്തുനിന്നു ലൈംഗിക അതിക്രമം പതിവായതോടെ അമ്മയോടു പരാതിപ്പെട്ടെങ്കിലും മകളെ ക്രൂരപീഡനത്തിന് ഇരയാക്കാൻ അമ്മ കാമുകന് കൂട്ട് നിന്നു. പ്രതിയായ ചാലക്കുടി കനാൽ ദേശത്തു പുത്തൻപുരയ്ക്കൽ ജോഷിക്ക് (52) 5 വർഷം കഠിനതടവും 40,000 രൂപ പിഴയുമാണ് ശിക്ഷ.
അമ്മയെ 4 വർഷവും 3 മാസവും കഠിനതടവിനും 15,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പരാതിപ്പെട്ടതോടെ മകളെ അമ്മ ക്രൂരമർദനത്തിന് ഇരയാക്കുകയും വീട്ടിൽ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. കാലുകളിൽ അമ്മ പൊള്ളലേൽപ്പിച്ചതായും പറയുന്നു.
2 മക്കളുടെ അമ്മയായ സ്ത്രീ, ഭർത്താവിനെ പിരിഞ്ഞാണു കാമുകനൊപ്പം കഴിഞ്ഞിരുന്നത്. ബന്ധുവീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ പിന്നീടു ശിശുക്ഷേമ സമിതി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.